കന്നട സൂപ്പർതാരം യാഷും സൂപ്പർഹിറ്റ് സംവിധായകൻ ശങ്കറും ഒന്നിക്കുന്നു; ബിഗ് ബജറ്റ് ചിത്രം അഞ്ച് ഭാഷകളിലായി പുറത്തിറങ്ങും

0

കന്നട സൂപ്പർതാരം യാഷും സൂപ്പർഹിറ്റ് സംവിധായകൻ ശങ്കറും ഒന്നിക്കുന്നു. ചരിത്ര കഥ പറയുന്ന സിനിമയിൽ തെലുങ്ക് സൂപ്പർ സ്റ്റാർ രാംചരൺ തേജയും അഭിനയിച്ചേക്കും. ഈ വർഷം ചിത്രീകരണം പൂർത്തിയാക്കുന്ന സിനിമ അടുത്ത വർഷത്തോടെ തിയേറ്ററിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ ഉടൻ പുറത്തുവിടും. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം മലയാളം അടക്കം അഞ്ച് ഭാഷകളിലാവും പുറത്തിറങ്ങുക.

സൂപ്പർ ഹിറ്റുകൾ മാത്രം സമ്മാനിക്കുന്ന സംവിധായകരിൽ ഒരാളായ ശങ്കർ, ഇപ്പോൾ കമൽഹാസിൽ നായകനായ ഇന്ത്യൻ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിരക്കുകളിലാണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറിലാണ് പൊളിറ്റിക്കൽ ത്രില്ലറായ ഇന്ത്യൻ സിനിമ പുറത്തിറങ്ങിയത്. ചിത്രം ബോക്‌സ് ഓഫീസിൽ വൻ ഹിറ്റായിരുന്നു.

നിരൂപകപ്രശംസയോടൊപ്പം മികച്ച വരുമാനവും ചിത്രം സ്വന്തമാക്കി. ഈ ചിത്രത്തെ മികച്ച വിദേശഭാഷാചിത്രത്തിനുള്ള അക്കാദമി അവാർഡിനായി പരിഗണിക്കുകയുണ്ടായി.

സിദ്ധാർഥ്, കാജൽ അഗർവാൾ, രാഹുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ, വിവേക് എന്നിവരാണ് ഇന്ത്യൻ രണ്ടാം ഭാഗത്തിൽ അണിനിരക്കുന്ന മറ്റ് താരങ്ങൾ. എന്തിരൻ എന്ന ചിത്രത്തിന്റെ തുടർച്ചയായി 2.0 എന്ന ചിത്രമാണ് ശങ്കർ അവസാനം സംവിധാനം ചെയ്തത്.

അതേസമയം, കെ.ജി.എഫ് രണ്ടാം ഭാഗമാണ് യാഷിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ജനുവരി ഏഴിന് പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിന് ഇതിനോടകം വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ പതിനഞ്ച് കോടിയിലധികം ആളുകൾ ഇപ്പോൾ കണ്ടു കഴിഞ്ഞു.

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറിയ ചിത്രമാണ് കെജിഎഫ്.  യാഷ് നായകനായി എത്തിയ  ചിത്രം, മലയാളം, കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലുമായി റിലീസിനെത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ചിത്രത്തിൽ സഞ്‌ജയ്‌ ദത്ത് വില്ലനായി എത്തുന്നുവെന്നത് ആരാധകരുടെ സന്തോഷം ഇരട്ടിച്ചിരുന്നു. വില്ലൻ അധീരയെന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്.