മാസ്റ്റർ 200 കോടി ക്ലബിലേക്ക്…

0

വിജയിയും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഒന്നിച്ച മാസ്റ്റർ 200 കോടി ക്ലബിലേക്ക് അടുക്കുന്നു. ചിത്രം രണ്ട് ദിവസത്തിനുള്ളിൽ ഗ്ളോബൽ ഗ്രോസ് കളക്ഷൻ 200 കോടി കടക്കുമെന്നാണ് അണിയറപ്രവർത്തകർ വിലയിരുത്തുന്നത്. അതിന് ശേഷമാകും ചിത്രത്തിന്റെ വിജയാഘോഷ പരിപാടികൾ സംഘടിപ്പിക്കുക.

പ്രേഷക മനസ് കീഴടക്കി വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുകയാണ് മാസ്റ്റർ. കൊവിഡ് പ്രതിസന്ധിയ്ക്കു ശേഷം ആദ്യമായി തിയേറ്റർ റിലീസിനെത്തുന്ന ചിത്രം എന്ന പ്രത്യേകകൂടി മാസ്റ്ററിനുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ 9ന് റിലീസ് ചെയ്യേണ്ട ചിത്രം കൊവിഡിനെ തുടർന്ന് ഇക്കൊല്ലം ജനുവരി 13ന് ആണ് തിയേറ്റർ റിലീസ് ചെയ്തത്. എല്ലാ കേന്ദ്രങ്ങളിലും മികച്ച കളക്ഷനാണ് ചിത്രം കൊയ്യുന്നത്. മാസ്റ്റർ പുറത്തിറങ്ങി മൂന്ന് ദിവസം പിന്നിട്ടപ്പോൾ തമിഴ്‌നാട്ടിൽ മാത്രം 55 കോടി കളക്ഷൻ നേടിയിരുന്നു. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്ന് ഒരാഴ്ച കൊണ്ട് 12 കോടി 67 ലക്ഷം രൂപ ഷെയറാണ് ചിത്രം നിർമാതാവിന് നേടിക്കൊടുത്തത്. തമിഴ്നാട്ടിലെ തൃച്ചിയിൽ ഏഴ് ദിവസം 12.9 ലക്ഷം രൂപയാണ് ഷെയർ ലഭിച്ചത്. ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ ഒരു കോടി 33 ലക്ഷം രൂപയാണ്.

ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സേവ്യർ ബ്രിട്ടോ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നാസർ,അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ,ആൻഡ്രിയ ജെർമിയ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. മാസ്റ്റർ എന്ന പേര് 2019 ഡിസംബർ 31-ന് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപിച്ചത്. അതുവരെ ദളപതി 64 എന്നായിരുന്നു ഈ ചിത്രത്തിന്റെ താത്കാലിക പേര് നൽകിയിരുന്നത്.

കൊവിഡ് കാലത്ത് ആളുകൾ തിയേറ്ററിലെത്തി ചിത്രം കാണുന്നത് തിയേറ്റർ ഉടമകളെ സംബന്ധിച്ച് ഏറെ ആശ്വാസം പകരുന്ന ഒന്നാണ്. മുൻപ് വിജയ് നായകനായെത്തിയ ബിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. ഇതേ തുടർന്ന് വിജയ് യുടെ ഓഫീസിലും വീട്ടിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു.