പൃഥ്വിരാജ്, റിമ കല്ലിങ്കൽ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ; നീലവെളിച്ചത്തിലെ താരനിര ഇവർ

0

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ ചെറുകഥയെ ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് പൂർത്തിയായതായി. പൃഥ്വിരാജ്, റിമ കല്ലിങ്കൽ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെറുകഥയുടെ അതേ പേരിൽ തന്നെയാണ് ചിത്രം പുറത്തിറക്കുന്നത്.

1964ൽ നീലവെളിച്ചം ആസ്പദമാക്കി എം വിൻസന്റിന്റെ സംവിധാനത്തിൽ ‘ഭാർഗവിനിലയം’ എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു. ‘നീലവെളിച്ചം’ സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള ആഗ്രഹമാണെന്നും ഇപ്പോൾ അതിനുള്ള അവസരം ഒത്തുവന്നെന്നും ആഷിക് അബു ഫേസ് ബുക്കിൽ കുറിച്ചു. ബഷീറിന്റെ 113-ാം ജന്മവാർഷികത്തോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

‘സ്‌നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്.

അക്ഷരസുൽത്താന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തിൽ ഈ വാർത്ത നിങ്ങളുമായി പങ്കുവെക്കാൻ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങൾക്കും ശ്രീ ഗുഡ്‌നൈറ്റ് മോഹനും ഹൃദയത്തിൽ നിന്നും നന്ദി. നീലവെളിച്ചം ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കും.’

‘നീലവെളിച്ചം’ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു 1964-ൽ പുറത്തിറങ്ങിയ ‘ഭാർഗ്ഗവീനിലയം’. വിജയ നിർമ്മല, പ്രേംനസീർ, മധു എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എ. വിൻസന്റായിരുന്നു സംവിധാനം. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് ഭാർഗ്ഗവീനിലയം.

https://www.facebook.com/AashiqAbuOnline/posts/248946699933890