കാത്തിരിപ്പിന് ശേഷം മാസ്റ്റര്‍ എത്തി, തീയറ്ററുകള്‍ വീണ്ടും പൂരപ്പറമ്പ്, മാസ്റ്ററിനെ ഏറ്റെടുത്ത് പ്രേക്ഷകര്‍

0

കോവിഡാനന്തര ഇളവുകള്‍ക്ക് ശേഷം സംസ്ഥാനത്തെ തീയറ്ററുകള്‍ ഇന്ന് മുതല്‍ തുറന്നപ്പോള്‍ പ്രേക്ഷകരും ആവേശത്തില്‍. 9 മാസത്തെ കാത്തിരിപ്പിന് ശേഷം തീയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ സിനിമ മേഖല പുത്തന്‍ ഉണര്‍വിലേക്കാണ് കുതിക്കുന്നത്.

സിനിമാ സംഘടനകള്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടതോടെയാണ് ഇന്ന് രാവിലെ മുതല്‍ വിജയ് സിനിമ മാസ്റ്റര്‍ പ്രദര്‍ശനത്തിന് എത്തിയത്. ആദ്യം മാസ്റ്റര്‍ സിനിമി റിലീസ് അനുവദിക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയും തീയറ്റര്‍ ഉടമകളം നിലപാട് സ്വീകരിച്ചെങ്കിലും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടതോടെയാണ് തീയറ്റര് വീണ്ടും പൂരമ്പറമ്പായി മാറിയിരിക്കുന്നത്.

രാവിലെ 9 മണിമുതല്‍ കേരളത്തിലെ 670 സ്‌ക്രീനുകളില്‍ 500 എണ്ണത്തിലാണ് പ്രദര്‍ശനം. പൊങ്കല്‍ റിലീസിനായി എത്തിയ ചിത്രം വേള്‍ഡ് വൈഡ് റിലീസായിട്ടാണ് എത്തിയിരിക്കുന്നത്. കേരളത്തില്‍ ചിത്രത്തിന്റെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷനും നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസിനുമാണ്.


50 ശതമാനം കാണികളെ ഉള്‍ക്കൊള്ളിച്ചാണ് തീയറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്, പൂര്‍ണമായും അണുവിമുക്കമാക്കിയും ഒന്നിടവിട്ട സീറ്റുകളില്‍ പ്രേക്ഷകരെ ഇരുത്തിയുമാണ് തീയറ്ററിലെ പ്രദര്‍ശനം. ഇതിന് പുറമെ കാണികളും ജീവനക്കാരും ഗ്ലൗസ് ധരിക്കണമെന്നത് നിബന്ധനായായി സര്‍ക്കാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം വരെ ആശങ്കയില്‍ നിന്നിരുന്ന മാസ്റ്റര്‍ റിലീസിന് വമ്പന്‍ വരവേല്‍പാണ് കേരളത്തില്‍ ലഭിച്ചിരിക്കുന്ന.

വിജയ് ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വന്‍ ആഘോഷങ്ങളും നടത്തിയിരുന്നു. പൊങ്കല്‍ റിലീസായി എത്തിയ ചിത്രം കോടി ക്ലബിലേക്ക് കുതിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.