HomeFilm News"സ്നേഹം നിറഞ്ഞ തുറന്ന ചോദ്യങ്ങൾ, അവതാരകയോട് ബഹുമാനം മാത്രമേ തോന്നിയിട്ടുള്ളു" പരാതിക്കാരിക്കൊപ്പമെന്ന് ഹരീഷ് പേരടി

“സ്നേഹം നിറഞ്ഞ തുറന്ന ചോദ്യങ്ങൾ, അവതാരകയോട് ബഹുമാനം മാത്രമേ തോന്നിയിട്ടുള്ളു” പരാതിക്കാരിക്കൊപ്പമെന്ന് ഹരീഷ് പേരടി

അഭിമുഖത്തിനിടെ നടൻ ശ്രീനാഥ്‌ ഭാസി അവതാരകയോട് അപമര്യാദയായി പെരുമാറിയ വിഷയത്തിൽ അവതാരകയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി. സ്നേഹം നിറഞ്ഞ തുറന്ന ചോദ്യങ്ങളുമായി അവതാരക തന്നെ രണ്ട് തവണ അഭിമുഖം നടത്തിയിട്ടുണ്ടെന്നും രണ്ട് തവണയും ഈ പെൺകുട്ടിയോട് തനിക്ക് ബഹുമാനം മാത്രമേ തോന്നിയിട്ടുള്ളുവെന്നും ഹരീഷ് പേരടി കുറിച്ചു.

പരാതിക്കാരി ചെയ്ത അഭിമുഖം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചുകൊണ്ടാണ് ഹരീഷ് പേരടിയുടെ ഐക്യദാർഢ്യം. “ഒരു വർഷം മുൻപ് അവതാരകയുമായി നടത്തിയ അഭിമുഖമാണ്. സ്നേഹം നിറഞ്ഞ തുറന്ന ചോദ്യങ്ങളുമായി എന്നെ രണ്ട് തവണ അഭിമുഖം നടത്തിയിട്ടുണ്ട്. രണ്ട് തവണയും ഈ പെൺകുട്ടിയോട് എനിക്ക് ബഹുമാനം മാത്രമേ തോന്നിയിട്ടുള്ളു. അവതാരകയ്ക്കൊപ്പം. ഐക്യദാർഢ്യം.” ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ നടന്‍ ശ്രീനാഥ് ഭാസിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ചോദ്യം ചെയ്യലിനായി മരട് പോലീസ് സ്റ്റേഷനില്‍ ഹാജരായ നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് ജാമ്യത്തില്‍ വിട്ടത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), 354 A (ലൈംഗിക ചുവയോടെ സംസാരിക്കല്‍ ), 294A (പൊതുസ്ഥലത്ത് അസഭ്യം പറയുക) എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.

ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും സമയം നീട്ടി നല്‍കണമെന്നും നടന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരാകുകയായിരുന്നു. ചട്ടമ്പി സിനിമയുടെ പ്രൊമോഷന്‍ ഭാഗമായി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് നടന്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയത്.

ശ്രീനാഥ് ഭാസിക്കെതിരെ നടപടി കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കളുടെ സംഘടനയായ കെഎഫ്പിഎ . സംഭവത്തില്‍ വിശദീകരണം തേടാന്‍ ശ്രീനാഥ് ഭാസിയെയും സിനിമയുടെ നിര്‍മാതാവിനെയും വിളിച്ചു വരുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കെഎഫ്പിഎ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ശ്രീനാഥ് ഭാസി പൊതുയിടത്തില്‍ വച്ച് അസഭ്യം പറഞ്ഞ് അപമാനിച്ചെന്ന പരാതി യൂട്യൂബ് ചാനല്‍ അവതാരക കെഎഫ്പിഎയ്ക്കും നല്‍കിയിരുന്നു. നടന്‍ മാപ്പ് പറഞ്ഞത് കൊണ്ട് മാത്രം പ്രശ്‌നം തീരുന്നില്ലെന്ന് സംഘടന വ്യക്തമാക്കി.

ഇതിന് മുന്‍പും ശ്രീനാഥ് ഭാസിക്കെതിരെ നിര്‍മ്മാതാക്കളുടെ ഇടയില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. സിനിമ സെറ്റുകളില്‍ നടന്‍ കൃത്യസമയത്ത് എത്താറില്ലെന്നും അത് മൂലം നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു എന്നുമായിരുന്നു പരാതി.

RELATED ARTICLES

Most Popular

Recent Comments