ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ തുടങ്ങി വമ്പൻ താരനിര അണിനിരന്ന വിക്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ആഗോള കളക്ഷൻ 400 കോടിയും ഇന്ത്യയിൽ നിന്ന് 300 കോടിയ്ക്ക് അടുത്തും സ്വന്തമാക്കി കഴിഞ്ഞു. തമിഴ്‌നാട്ടിൽ നിന്ന് മാത്രം172 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.
ചിത്രത്തിൽ ഏറെ പ്രാധാന്യമേറിയ വേഷമാണ് സൂര്യ കൈകാര്യം ചെയ്തത്. ക്ലൈമാക്സ് രംഗത്തിൽ മൂന്ന് മിനിറ്റ് മാത്രമേ സൂര്യ ചിത്രത്തിലുള്ളൂ എങ്കിലും വൻ സ്വീകാര്യതയാണ് കഥാപാത്രത്തിന് ലഭിച്ചത്. റോളക്‌സ് എന്നാണ് കഥാപാത്രത്തിന്റെ പേര്.
തന്റെ പുതിയ ചിത്രമായ കടുവയുടെ പ്രൊമോഷൻ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിക്രം സിനിമയുമായി ബന്ധപ്പെട്ട ചോദ്യത്തിന് പൃഥ്വിരാജ് നൽകിയ ഉത്തരമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
വിക്രം മലയാളത്തിലായിരുന്നുവെങ്കിൽ സൂര്യ കൈകാര്യം ചെയ്ത റോളക്‌സ് ആരായിരിക്കും എന്നായിരുന്നു താരത്തിനൊടുള്ള ചോദ്യം. ‘ഞാന്‍ വിക്രം മലയാളത്തിൽ സംവിധാനം ചെയ്യുകയാണെങ്കില്‍ എന്റെ റോളക്‌സ് ദുല്‍ഖര്‍ ആയിരിക്കും,’ പൃഥ്വിരാജ് ഉത്തരം നൽകി. ചിത്രത്തിൽ താൻ അഭിനയിക്കില്ലെന്നും താരം പറഞ്ഞു.
വിക്രം മലയാളത്തിലാണ് ചെയ്തത് എങ്കില്‍ ആരൊക്കെയാവും കാസ്റ്റ് ചെയ്യുക എന്ന ചോദ്യത്തിന് സംവിധായകൻ ലോകേഷ് കനകരാജ് നൽകിയ മറുപടി മലയാളികൾ ഏറ്റെടുത്തിരുന്നു.
റോളക്‌സായി പൃഥ്വിരാജിനെയായിരിക്കും കാസ്റ്റ് ചെയ്യുകയെന്നും, കമല്‍ ഹാസൻ ചെയ്ത റോളിലേക്ക് മമ്മൂട്ടിയോ മോഹന്‍ലാലോ എന്നും ലോകേഷ് പറഞ്ഞു. “വിജയ് സേതുപതി സാര്‍ ചെയ്ത സന്താനം റോളിലേക്ക് ആരെ മലയാളത്തില്‍ നിന്ന് കാസ്റ്റ് ചെയ്യണമെന്ന് അറിയില്ല. ഒരുപാട് ഓപ്ഷന്‍ ഉണ്ടല്ലോ” ലോകേഷ് കൂട്ടിച്ചേർത്തു.
ഫഹദ് ഫാസില്‍ ചെയ്ത റോളിലേക്ക് മറ്റ് ആരെയും തന്നെ കാസ്റ്റ് ചെയ്യില്ല ഫഹദിനെ മാത്രമേ കാസ്റ്റ് ചെയ്യൂ എന്നും ലോകേഷ് വ്യക്തമാക്കി.
Recent Comments