അഗ്നിപഥ് പദ്ധതിയിൽ പ്രധാനമന്ത്രിയ്ക്ക് പിഴവ് പറ്റിയെന്ന് മേജർ രവി. ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൈന്യത്തിൽ അഗ്നിപഥ് പദ്ധതി മൂലം ഉണ്ടാവുമെന്ന് മേജർ രവി പ്രതികരിച്ചു. അഗ്നിപഥിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ടെക്നിക്കൽ മികവ് ഇത്രയും കുറഞ്ഞ കാലം കൊണ്ട് ഉണ്ടാക്കിക്കൊടുക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവിയോടാണ് മേജർ രവിയുടെ പ്രതികരണം.
നാലു വർഷത്തേക്ക് സൈന്യത്തിൽ ആരൊക്കെ വരുമെന്നതും ചോദ്യമാണെന്നും തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും ആളുകൾ ഇതിലേക്ക് വന്ന് നാല് വർഷത്തെ ട്രെയ്നിംഗ് കഴിഞ്ഞ് പുറത്തേക്ക് പോയാൽ അപകടമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശ രാജ്യങ്ങളിൽ സമാന റിക്രൂട്ട്മെന്റ് ചെയ്യുന്നുണ്ടെങ്കിലും അവിടെ അവർ സ്ഥിര സൈനികരുടെ എണ്ണം കുറയ്ക്കുന്നില്ല. പക്ഷെ ഇവിടെ സ്ഥിരം സൈനികരുടെ എണ്ണം കുറയ്ക്കുമെന്നാണ് ഞാൻ മനസ്സിലാക്കിയതെന്നും മേജർ രവി വ്യക്തമാക്കി.
“പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നയാളാണെങ്കിലും അഗ്നിപഥിൽ അദ്ദേഹത്തിന് പിഴവ് പറ്റിയെന്നാണ് കരുതുന്നതെന്നത്. ഇതിനകത്ത് ഗൗരവമായ ചർച്ച നടത്തേണ്ടത് വിരമിച്ച ആർമി ചീഫുകളും വൈസ് ചീഫുകളുമാണ്. ഇവരൊക്കെ പ്ലാനിംഗിൽ അഗ്ര ഗണ്യരാണ്. അവർ പ്രധാനമന്ത്രിയെ പറഞ്ഞ് മനസ്സിലാക്കണം.” അദ്ദേഹം പറഞ്ഞു.
അതേസമയം എതിർപ്പിന്റെ പേരിൽ നടക്കുന്ന കലാപ ശ്രമങ്ങളെ അംഗീകരിക്കാൻ പറ്റില്ലെന്നും ബിഹാറിൽ നടക്കുന്ന സംഘർഷത്തിന് പിന്നിൽ അവിടത്തെ പ്രി റിക്രൂട്ട്മെന്റ് ഏജൻസികളുടെ മാഫിയയാണെന്നും മേജർ രവി ആരോപിച്ചു.
Recent Comments