HomeFilm News"പൂ വിരിയുന്ന ലാഘവത്തോടെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന അഭിനയപ്രതിഭ" മേം ഹും മൂസയിൽ മീരാനായി സൈജു...

“പൂ വിരിയുന്ന ലാഘവത്തോടെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന അഭിനയപ്രതിഭ” മേം ഹും മൂസയിൽ മീരാനായി സൈജു കുറുപ്പ്

2005ൽ സംവിധായകൻ ഹരിഹരൻ ഒരുക്കിയ മയൂഖം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് മലയാള സിനിമയിൽ തന്റെതായ ഒരിടം കണ്ടെത്തിയ നടനാണ് സൈജു കുറുപ്പ്. ആദ്യ ചിത്രത്തിൽ നായകനായായിരുന്നു സൈജുവിന്റെ അരങ്ങേറ്റം. ആ സിനിമയിലൂടെ തന്നെയാണ് മമ്ത മോഹൻദാസും അഭിനയജീവിതത്തിലെ അരങ്ങേറ്റം കുറിച്ചത്‌.

2012 ൽ വികെ പ്രകാശിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ സൈജു കൈകാര്യം ചെയ്ത ഷിബു വെള്ളയാനി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മാനുവൽ തോമസിന്റെ ആട് ഒരു ഭീകര ജീവിയല്ല എന്ന ചിത്രത്തിലെ കഥാപാത്രമാണ് സൈജുവിന്റെ സിനിമ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവ്.

ഈയിടെ റിലീസ് ചെയ്ത സൈജുകുറുപ്പിന്റെ നൂറാമത് ചിത്രമായ ഉപചാരപൂർവം ഗുണ്ടാ ജയൻ മികച്ച അഭിപ്രായങ്ങളാണ് സ്വന്തമാക്കിയത്. സുരേഷ് ഗോപി നായകനായി റിലീസിന് ഒരുങ്ങുന്ന ജിബു ജേക്കബ് ചിത്രം മേം ഹും മൂസയാണ് സൈജുവിന്റ പുറത്തിറങ്ങാനുള്ള ചിത്രം.

Image source- public domain

ഇപ്പോഴിതാ ചിത്രത്തിൽ സൈജു അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തി സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അണിയറക്കാർ പങ്കുവെച്ചിട്ടുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

“ആയാസരഹിതമായ അഭിനയത്തിന് ഒരു അവാർഡ് ഉണ്ടെങ്കിൽ ആ അവാർഡുകൾ കൊണ്ട് പണ്ടേ ഷോകേസുകൾ നിറയുമായിരുന്ന നടനാണ് സൈജു കുറുപ്പ്. ഒരു പൂ വിരിയുന്ന ലാഘവത്തോടെ, ഒരു പുഴയൊഴുകുന്ന ഒഴുക്കോടെ തന്റെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന അഭിനയപ്രതിഭ.

പക്ഷേ, മൂസയിലെ മാണൂരുകാരൻ മീരാനായപ്പോൾ സൈജുവിന് ഇത് വരെ കാണാത്ത ഒരു മുഖമായിരുന്നൂ. അത് പൂവും പുഴയും പൂമ്പാറ്റയും ഒന്നുമല്ല. ഒരു പുറപ്പാടാണ്. സൈജു ഗോവിന്ദകുറുപ്പ് എന്ന നടന്റെ സമാനതകളില്ലാത്ത അഭിനയമികവിലേക്കുള്ള പടപുറപ്പട്.” ക്യാരക്ടർ മോഷൻ പോസ്റ്റർ പങ്കുവെച്ച് അണിയറക്കാർ കുറിച്ചു.

അതേസമയം ഈ വരുന്ന 30നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സിആര്‍ ജോയിയും തോമസ് തിരുവല്ലയും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ഹരീഷ് കണാരൻ, പൂനം ബജ്വ, ജോണി ആന്റണി, സലിം കുമാർ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രൂപേഷ് റെയ്ന ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് . വിഷ്ണു നാരായണൻ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് സൂരജും നിർവഹിക്കുന്നു.

RELATED ARTICLES

Most Popular

Recent Comments