HomeCurrent Affairsകുട്ടികളെ അഭിനയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ബാലാവകാശ കമ്മിഷൻ

കുട്ടികളെ അഭിനയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ബാലാവകാശ കമ്മിഷൻ

കുട്ടികളെ അഭിനയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കരട് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ദേശിയ ബാലാവകാശ കമ്മിഷൻ. സിനിമ, ടെലിവിഷൻ, ഒ.ടി.ടി. പ്ലാറ്റ് ഫോമുകൾ, സാമൂഹികമാധ്യമ വെബ്‌സൈറ്റുകൾ തുടങ്ങിയവയിൽ കുട്ടികളെ അഭിനയിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

കുട്ടികളെ കരാർ അടിസ്ഥാനത്തിൽ അഭിനയിപ്പിക്കാൻ പാടില്ലെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഷൂട്ടിങ് സ്ഥലത്ത് പരിശോധനനടത്തുമെന്നും നിയമലംഘനം കണ്ടാൽ ആറുമാസംമുതൽ രണ്ടുവർഷംവരെ തടവോ 5000 രൂപവരെ പിഴയോ ശിക്ഷയായി ഈടാക്കുമെന്നും ബാലാവകാശ കമ്മീഷൻ പറയുന്നു.

മൂന്നുമാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ സിനിമകളിലും മറ്റും അഭിനയിപ്പിക്കരുതെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ വ്യക്തമാക്കുന്നു. മുലയൂട്ടൽ, പ്രതിരോധ ബോധവത്കരണ പരിപാടികളുടെ ചിത്രീകരണത്തിനായി മൂന്ന് മാസത്തിന് താഴെയുള്ള കുട്ടികളെ ഉപയോഗിക്കാമെന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.

പ്രത്യേകം മുറി അനുവദിക്കണം. മുതിർന്നവരുടെ മുന്നിൽവെച്ചോ എതിർലിംഗത്തിലുള്ളവരുടെ മുന്നിൽവെച്ചോ വസ്ത്രംമാറാൻ നിർബന്ധിക്കരുത്, കുട്ടികളുടെ പഠനം തടസ്സപ്പെടരുത് കൃത്യസമയത്ത് വേതനം നൽകണം. അവകാശങ്ങൾ പാലിച്ചാകണം ചിത്രീകരണം എന്നും ബാലവാകാശ കമ്മീഷൻ നിർദ്ദേശിക്കുന്നു.

ആറുവയസ്സിൽ താഴെയുള്ള കുട്ടികളെ ശക്തമായ വെളിച്ചത്തിന് കീഴിൽ നിർത്തി അഭിനയിപ്പിക്കരുത്. അമിത അളവിൽ മേക്കപ്പ് ഉപയോഗിക്കരുത്. മാനസികപ്രയാസമുണ്ടാകുന്ന നടപടികളൊന്നും പാടില്ല, കുട്ടികൾ ലഹരിപഥാർഥം ഉപയോഗിക്കുന്നതരം രംഗങ്ങൾ ചിത്രീകരിക്കരുത്. അവരുടെ മുൻപിൽ മറ്റാരും ലഹരിപദാർഥങ്ങൾ ഉപയോഗിക്കരുത്.

ചിത്രീകരണം പരമാവധി 27 ദിവസംകൊണ്ട് പൂർത്തിയാക്കണം. തുടർച്ചയായി ആറുമണിക്കൂറിലധികം അഭിനയിപ്പിക്കരുത്. മൂന്നുമണിക്കൂർ ഇടവിട്ട് വിശ്രമംനൽകണം. ബാലതാരങ്ങളുടെ വിവരങ്ങൾ ജില്ലാ മജിസ്‌ട്രേറ്റിന് നൽകണം. ഷൂട്ടിങ്ങിന് ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങണം. തുടങ്ങിയവയാണ് മറ്റ് നിർദ്ദേശങ്ങൾ.

RELATED ARTICLES

Most Popular

Recent Comments