HomeKeralaഅവതാരകയുടെ പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ്‌ ഭാസിക്ക് ജാമ്യം

അവതാരകയുടെ പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ്‌ ഭാസിക്ക് ജാമ്യം

അഭിമുഖത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീനാഥ് ഭാസിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ചോദ്യം ചെയ്യലിനായി മരട് പോലീസ് സ്റ്റേഷനില്‍ ഹാജരായ നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് ജാമ്യത്തില്‍ വിട്ടത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), 354 A (ലൈംഗിക ചുവയോടെ സംസാരിക്കല്‍ ), 294A (പൊതുസ്ഥലത്ത് അസഭ്യം പറയുക) എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.

ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും സമയം നീട്ടി നല്‍കണമെന്നും നടന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നുച്ചയോടെ ഹാജരാകുകയായിരുന്നു.ചട്ടമ്പി സിനിമയുടെ പ്രൊമോഷന്‍ ഭാഗമായി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് നടന്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയത്.

ശ്രീനാഥ് ഭാസിക്കെതിരെ നടപടി കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കളുടെ സംഘടനയായ കെഎഫ്പിഎ . സംഭവത്തില്‍ വിശദീകരണം തേടാന്‍ ശ്രീനാഥ് ഭാസിയെയും സിനിമയുടെ നിര്‍മാതാവിനെയും വിളിച്ചു വരുത്താന്‍ ഇന്ന് ചേര്‍ന്ന കെഎഫ്പിഎ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ശ്രീനാഥ് ഭാസി പൊതുയിടത്തില്‍ വച്ച് അസഭ്യം പറഞ്ഞ് അപമാനിച്ചെന്ന പരാതി യൂട്യൂബ് ചാനല്‍ അവതാരക കെഎഫ്പിഎയ്ക്കും നല്‍കിയിരുന്നു. നടന്‍ മാപ്പ് പറഞ്ഞത് കൊണ്ട് മാത്രം പ്രശ്‌നം തീരുന്നില്ലെന്ന് സംഘടന വ്യക്തമാക്കി.

അതേസമയം ഇതിന് മുന്‍പും ശ്രീനാഥ് ഭാസിക്കെതിരെ നിര്‍മ്മാതാക്കളുടെ ഇടയില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. സിനിമ സെറ്റുകളില്‍ നടന്‍ കൃത്യസമയത്ത് എത്താറില്ലെന്നും അത് മൂലം നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു എന്നുമായിരുന്നു പരാതി.

RELATED ARTICLES

Most Popular

Recent Comments