കണ്ണൂര്‍: മാട്ടൂലില്‍ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) രോഗബാധിതയായിരുന്ന അഫ്ര (13) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ ഇരിക്കേയായിരുന്നു മരണം.
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിതയായിരുന്ന അഫ്രയുടെ സഹോദരന്‍ മുഹമ്മദും എസ്എംഎ രോഗബാധിതനായിരുന്നു.സഹോദരന് ചികിത്സാ സഹായം ആവശ്യപ്പെട്ട് അഫ്ര വീല്‍ചെയറിയില്‍ ഇരുന്ന് നടത്തിയ അഭ്യര്‍ഥന ശ്രദ്ധ നേടിയതോടെയാണ് അഫ്രയുടെ ദുരവസ്ഥയും കേരളം അറിയുന്നത്.

അനിയന് വേണ്ടിയുള്ള അഫ്രയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ സഹായമാണ് ലഭിച്ചത്.ഞാന്‍ അനുഭവിക്കുന്ന വേദന എന്റെ അനിയന് ഉണ്ടാകരുതെന്ന അഫ്രയുടെ വാക്കുകള്‍ കേരളം ഏറ്റെടുത്തതോടെ മുഹമ്മദിനായി പണം ഒഴുകിയെത്തുകയായിരുന്നു.
ചികിത്സയ്ക്ക് ആവശ്യമായ 18 കോടി രൂപ സംഭാവനയായി ലഭിച്ചിരുന്നു. അഫ്രയ്ക്കും എസ്എംഎ രോഗത്തിന് ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് കുഞ്ഞ് അഫ്രയുടെ വിടവാങ്ങല്‍. അഫ്രയുടെ വേര്‍പാട് മലയാളക്കരയുടെ മനസ് ദുഖത്തിലാക്കിയിരിക്കുകയാണ്.