ഇന്ത്യയിൽ ഒമിക്രോൺ സമൂഹ വ്യാപന ഘട്ടത്തിലെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയായ ഇന്ത്യൻ സാർസ് കോവി-2 കൺസോർഷ്യം ഓഫ് ജീനോമിക്സ് (ഇൻസാകൊഗ്) . രാജ്യത്ത് കോവിഡിന്റെ വകഭേദമായ ഒമിക്രോൺ വൈറസ് സാമൂഹിക വ്യാപാന ഘട്ടത്തിലാണെന്നും മെട്രോ നഗരങ്ങളിൽ വ്യാപനതോത് അധികമാണെന്നുമാണ് സമിതി പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് വൈറസ് സാംപിളുകൾ ശേഖരിച്ച് അവയുടെ ജനിതക പ്രവർത്തനങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതിന് കേന്ദ്ര ആരോഗ്യമന്ത്രാലയം രൂപീകരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കൂട്ടമാണ് ഇൻസാകോഗ്.
മെട്രോ നഗരങ്ങളിൽ വ്യാപന തോത് വർധിക്കുന്നതോടൊപ്പം ഒമിക്രോണിന്റെ സാംക്രമിക ഉപ വകഭേദമായ BA.2 ലൈനേജ് രാജ്യത്ത് ചിലയിടങ്ങളിൽ കണ്ടെത്തിട്ടുണ്ടെന്നും ഇൻസാകോഗ് ബുള്ളറ്റിനിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം നാല് പ്രധാന നഗരങ്ങളിൽ മൂന്നാം തരംഗത്തിന്റെ ആശങ്കകൾക്ക് കുറവുണ്ടെന്ന സൂചനയും സമിതി നിരീക്ഷിക്കുന്നു.
മൂന്നാം തരംഗത്തിൽ സ്ഥിരീകരിച്ചിരിക്കുന്ന ഭൂരിഭാഗം ഒമിക്രോൺ കേസുകളിലും രോഗ ലക്ഷണങ്ങൾ കുറവാണ്. ചിലരിൽ രോഗലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടിപ്പിക്കാതെയും വൈറസ് ബാധ സ്ഥിരീകരിക്കുന്ന അവസ്ഥ ഉണ്ടെന്നും ബുള്ളറ്റിനിൽ പറയുന്നു പക്ഷെ മൂന്നാം തരംഗത്തിൽ ഐസിയു കേസുകൾ വർധിച്ചിട്ടുണ്ടെന്ന വസ്തുതയും റിപ്പോർട്ടിൽ പറയുന്നുണ്ട്. നിലവിൽ കൂടുതൽ രോഗികൾ ചെറിയ നഗരങ്ങളിലും, ഗ്രാമങ്ങളിലുമാണ്.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകറിച്ചിരിക്കുന്നത്. 525 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ടി പി ആര്‍ 17.78 ശതമാനമാണ്. 2.59 ലക്ഷം പേര്‍ കഴിഞ്ഞ24 മണിക്കൂറിനിടെ രോഗമുക്തി നേടി.
മഹാരാഷ്ട്ര, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്നലെ നാല്‍പതിനായിരത്തിലധികം കൊവിഡ് കേസുകള്‍ വീതമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ കഴിഞ്ഞദിവസം 45,136 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.